റോയി ഫ്ലോറല്‍ പാര്‍ക്ക് പോലിസ് സ്റ്റേഷനിലെ ഹോള്‍ഡിംഗ് സെല്ലിലെ ഇരിമ്പു ബെഞ്ചില്‍ തരിച്ചിരുന്നു. താന്‍ ജയിലില്‍ ആണെന്നു റോയിച്ചനങ്ങൊട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല. ചെങ്ങന്നുര്‍ പേരിശ്ശേരി കൊച്ചു കളീക്കല്‍ കോശി നൈനാന്റെയും, അന്നമ്മ കോശിയുടെയും ഇളയ മകനായ ഈ ഞാന്‍; റോയിച്ചന്‍ എന്നു വിളിക്കുന്ന നൈനാന്‍ കോശി; ജയിലില്‍. മാര്‍ത്തോമ സഭയിലെ രണ്ടു മെത്രാന്മാരുള്ള കുടുംബത്തിലെ; ജസ്റ്റിസ് കൊച്ചുകോശി നൈനാന്‍ അവര്‍കളുടെ കൊച്ചുമോന്‍, ജയിലില്‍!!!!; അതും അമേരിക്കായില്‍. അമ്മച്ചീ ….. വയ്യ. റോയിച്ചന്റെ ചങ്കിനകത്തൊരു ഭാരം.
റോയിച്ചന്‍ ചുറ്റും നോക്കി. മുറിയില്‍ രണ്ടവന്മാരു കൂടെ ഉണ്ട്. ഒരുത്തന്‍ അടിച്ചു കിന്റായ പോലെ ഒരു മൂലക്കു, വേരൊരു ബെഞ്ജില്‍ തലതൂക്കിയിട്ടിരിക്കുന്നു. അവന്റെ വായില്‍ നിന്നും ഊത്ത ഒഴുകി നിലത്തു വീണു തളം കെട്ടി കിട്പ്പൊണ്ട്. വേറൊരു ഉധണ്ടന്‍ കറമ്പന്‍ അഴിയില്‍ പിടിച്ചു നിന്നോണ്ടു ആമ്പീയര്‍ കൂടിയ മുറ്റിയ ഇംഗ്ലീഷ് തെറികള്‍ കൂട്ടി എന്തൊക്കെയൊ അലറുന്നു. അഴികള്‍ക്കു പുറത്തു ഫയലുകള്‍ അടുക്കി വച്ചിരിക്കുന്ന മേശയുടെ അപ്പുറത്തു ഒരു വെള്ളക്കാരന്‍ പോലീസ് പുറംതിരിഞ്ഞിരുന്ന് കമ്പ്യൂട്ടറില്‍ എന്തൊ കൊട്ടുന്നു.
റോയിച്ചന്‍ പപ്പയെ കുറിച്ചോര്‍ത്തൂ. മൂന്നു കൊല്ലം മുന്‍പു മൂത്ത ചേട്ടന്‍, പപ്പയുടെ പുന്നാര പുത്രന്‍; ഡൊക്ടര്‍, പന്തക്കോസായപ്പൊ അതിന്റെ വിഷമം സഹിക്കാഞ്ഞു ഒരറ്റാക്ക് വന്നതാ. പപ്പ ഇതറിഞ്ഞാല്‍ … ഒരറ്റാക്കു കൂടെ …. റോയിച്ചന്റെ ചങ്കിന്റെ ഭാരം ഒന്നുകൂടെ കൂടി …
ഓ .. അതിപ്പൊ അങ്ങനെ ആലോചിച്ചാ ഒരു പത്തറ്റാക്ക് വരാനുള്ള കോത്രാകൊള്ളികള്‍ ഈ ഭൂമിയില്‍ ജീവിച്ച 30 കൊല്ലം കൊണ്ടുണ്ടാക്കിയിട്ടൊണ്ടു. റോയിച്ചന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാലും ജയിലില്‍ ഇതാദ്യമാ … പണ്ടു നാട്ടില്‍ വച്ചു പോലീസ് സ്റ്റേഷനില്‍ കയറിയിട്ടുണ്ടു. ബഥേല്‍ പള്ളി പെരുന്നളിനു നഗര പ്രദിക്ഷണം കഴിഞ്ഞു ആള്‍ക്കാര്‍ പള്ളിയിലെക്കു കയറുന്ന സമയത്ത് ഇരിട്ടുവാക്കിനു വരിക്ക ചക്കയുടെ ചൊള പോലിരിക്കുന്ന ഒരാന്റിയെ തപ്പിയതിനു (അങ്കിള്‍ അടുത്തു നിക്കുന്നതു കണ്ടില്ല), ചെങ്ങന്നൂര്‍ ചിപ്പിയില്‍ മാറ്റിനിക്കു പോയി വാളു വച്ചലമ്പുണ്ടാക്കിയതിനു. എല്ലാം അടക്കം ഒരു മൂന്നു നാലു തവണ പോലീസ് സ്റ്റേഷന്റെ പടി ചവിട്ടേണ്ടി വന്നിട്ടുണ്ടു. അന്നൊക്കെ മരിച്ചു മണ്ണായി പോയ ജസ്റ്റിസ് കൊച്ചുകോശി നൈനാന്‍ വലിയപ്പന്റെ ലേബലില്‍ ഊരി പോന്നായിരുന്നു. ഇതും അത്രയൊക്കെയെ ഉണ്ടാകൂ. അല്ലേലും ഇതാരെയും കുത്തിക്കൊന്ന കേസ് ഒന്നുമല്ലല്ലൊ. ജയിലു പോലെ ഇരിക്കുന്നെങ്കിലും ജയിലല്ലല്ലൊ .. ഹൊള്‍ടിംഗ് സെല്ല് അല്ലെ. സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടക്കുള്ള വിശുധീകരണ സ്ഥലം പോലെ ഒന്ന്. അളിയനെ പോലീസ് തന്നെ വിളിച്ചറിയിച്ചിട്ടൊണ്ട്, അളിയന്‍ തിരിച്ചു വിളിക്കുന്നു; സായിപ്പു പോലീസ് അലിയുന്നു; നമ്മളെ അങ്ങു വിടുന്നു … റോയിക്കു ശ്വാസം വിടാമെന്നായി.
സെല്ലിലെ സഹവാസി കറുമ്പെന്‍ വയലെന്റ് ആയി തുടങ്ങി. ആശാന്‍ അഴിയെല്‍ തലവെച്ചടിക്കുന്നു. അലറലിന്റെ ട്രെബിള്‍ ഒന്നു കൂടെ കൂട്ടിയിട്ടുണ്ട്. ശ്ശൊ … ഇതൊരരോചകമായി വരുന്നുണ്ടു. ….
ഇതെന്താ അളിയന്‍ തിരിച്ചു വിളിക്കാത്തെ … ദൈവമെ … ഇനി എങ്ങാനും പറ്റിക്കുമൊ … അല്ലെലും അവനെ അത്രക്കങ്ങു വിസ്വസിക്കന്‍ കൊള്ളത്തില്ല. എന്തൊക്കെ ആയിരുന്നു അമേരിക്കായിലെ “സ്ഥിഥിയെ” ക്കുറിച്ചു പെണ്ണന്വേഷിച്ചു ചെന്നപ്പഴത്തെ കണ്ട്രാക്ക് .. പെണ്ണങ്ങവിടുത്തെ നെഴ്സ്, പെണ്ണിന്റപ്പനു ബിസ്സിനസ്. പെണ്ണിന്റെ ആങ്ങള മാര്‍ക്കു ഹോട്ടല്‍ ബിസിനെസ്സ്. ഇവിടെ വന്നപ്പളല്ലെ നെഴ്സിനു തന്നെ പല ഗ്രേട് ഉണ്ടെന്നും ഷിജിക്ക് മൂത്രം കോരാന്‍ മാത്രം ലേയിസെന്‍സ് നേടിയ മെഡിക്കല്‍ അസിസ്റ്റെന്റ് ആണെന്നും, അപ്പന്റേത് ന്യൂാര്‍ക്ക് സിറ്റിയിലെ സയിഡ് വാല്‍കിലെ ന്യൂസ് സ്റ്റാളാണെന്നും (മാടക്കട). ആങ്ങളമാരു നടത്തുന്ന ഫ്ല്ഷിംഗ് അമ്പലത്തിന്റെ അടുത്തുള്ള ഹോട്ടല്‍ അമേരിക്കയിലെ ചായക്കട ആണെന്നും മനസ്സിലയത്. അല്‍പ സ്വല്‍പം ബഢായി അടിക്കുമെങ്കിലും (കുറവുകളിപ്പൊ നമുക്കുമില്ലെ)അളിയന്‍ സ്നേഹമുള്ളവനാ … ചതിക്കില്ലായിരിക്കും …. ഒരേ ഒരു പെങ്ങളെ കെട്ടിയവനല്ലെ ..
ഒന്നും വേണ്ടായിരുന്നു. വീട്ടില്‍ കുത്തിയിരുന്നാല്‍ മതിയായിരുന്നു. അതെങ്ങനാ ആ അമ്മായമ്മ മൂധേവി സ്വയിര്യം തരണ്ടെ. ജോലി നോക്ക് .. ജോലി നോക്കെന്നും പറഞ്ഞൊണ്ട് എന്നാ ആക്രാന്തമായിരുന്നു. ബി.എ തട്ടി മുട്ടി ഫെയില്‍ഡും + വി.ബി ഒറാക്കിള്‍ (കല്യാണം കഴിഞ്ഞു നാലാം നാള്‍ ഷിജി അമേരിക്കക്കു പോയതിനു ശേഷം വിസ വെയ്റ്റ് ചെയ്തിരുന്ന സമയത്തു, കോട്ടയം ആപ്പിളില്‍ പൊയി പടിച്ചതാ) ഉം ആയ ഈ റോയിച്ചനു എന്നാ പണി കിട്ടാനാ മമ്മീന്നു എങ്ങനെ ചോദിക്കും. റിട്ടയര്‍ഡ് ശിരസ്ധാര്‍ കോശി നൈനന്റെയും, റിട്ടയര്‍ഡ് ഹെഡ്മിസ്റ്റ്രെസ്സ് അന്നമ്മ കോശിയുടെയും മകന്‍; കോട്ടയത്ത് ക്ലിനിക് ഇട്ടു പ്രാക്റ്റീസ് ചെയ്യുന്ന ഡോ. കുര്യന്‍ കോശിയുടെ അനുജന്‍; എം. ബി. എ ആണെന്നു പറഞ്ഞപ്പൊ അങ്കമാലിന്നു 20 കൊല്ലം മുന്‍പു കുറ്റീം പിഴുതു അമേരിക്കക്കു കുടിയെറി പോയ മാത്തുക്കുട്ടിയ്ക്കും ത്രെസ്സ്യാമ്മക്കും ഒട്ടുമേ സംശയം തോന്നാഞ്ഞതു കൊണ്ടല്ലെ ഷിജിയെ കെട്ടി അമേരിക്കക്കു വരാന്‍ പറ്റിയത്. അതിപ്പൊ പെട്ടന്നെങ്ങനെ തിരുത്തും. അതു കൊണ്ടാ സ്വൈയിരക്കേടാണെങ്കിലും കുറെ നാളു സഹിച്ചതു. മാത്രമല്ല, പുറാത്തേക്കെങ്ങന്നും ഇറങ്ങാനാന്നു വച്ചാല്‍ കാറും അതോടിക്കാന്‍ ലൈസെന്‍സും വേണം. അതൊക്കെ കിട്ടി വരുന്നവരെ സ്വൈരക്കേടു സഹിച്ചല്ലെ പറ്റൂ.
അമ്മായമ്മയുടെ സ്വൈരക്കെടു പോട്ടെ. ഷിജിയെ ഒന്നു തക്കത്തിനു വരുതിക്കു കിട്ടാന്‍ എത്ര നാളായി കാത്തിരിക്കുന്നു. അമേരിക്കയില്‍ കാലു കുത്തി ആദ്യ ദിവസം തന്നെ നമ്മുടെ ഫേറ്റിന്റെ ഏകദേശ ധാരണ കിട്ടിയതാ. 6 മാസത്തെ വിരഹിത്തിന്റെ കെടുതി ഇന്നു തീര്‍ത്തേക്കാമെന്നു കരുതി വാതില്‍ കുറ്റിയിടാന്‍ ചെന്നപ്പൊ ഷിജി തടഞ്ഞു. “പപ്പായും മമ്മിയും കിടക്കുന്നതു ലിവിംഗ് റൂമിലാ, അവര്‍ക്കു അക്സെസ്സ് ഈ ബേസ്മെന്റിലെ ബാത്രൂമെ ഉള്ളൂ, കുറ്റിയിടാന്‍ പറ്റില്ല”.കമ്പ്ലീറ്റ് മൂടും പോയി. അന്നേതായാലും നല്ല യാത്രാ ക്ഷീണമുള്ളതു കൊണ്ടും, എയര്‍ ഇന്ത്യ തന്ന ഫ്രീ ജോണി വാക്കറിനു പുറമെ, വഴിച്ചിലവിനു ഷിജി അയച്ചു തന്നിരുന്ന 20 ഡോളറിനും കൂടെ മേടിച്ചടിച്ചിരുന്നതു കൊണ്ടു ആക്രാന്തം അടക്കി ഉറങ്ങി. പിന്നീടങ്ങൊട്ടുള്ള രാത്രികളും ഏകദെശം ഈ ലൈനില്‍ തന്നെ ആയിരുന്നു. 8-10 മണിക്കൂറു ജോലിയും, അതു കഴിഞ്ഞു നേഴ്സിംഗ് സ്കൂളിലെ പഠിത്തോം (ഷിജി ആര്‍.എന്‍, രജിസ്റ്റേര്‍ട് നേഴ്സാകനുള്ള കോഴ്സിനു ചേര്‍ന്നിട്ടൊണ്ട്) കഴിഞ്ഞുറങ്ങുന്ന ഷിജിയെ നോക്കി ഒരു ദീര്‍ഘനിശ്വാസം വിട്ടോണ്ടു കിടന്നുറങ്ങാറാ പതിവ്.
എന്നാലും ഷിജി സ്നേഹമുള്ളവളാ. അവക്കടമ്മേടെ സ്വഭാവം അറിയാവുന്നതു കൊണ്ടു അവളു തന്നെ മുങ്കൈ എടുത്തല്ലിയൊ ലൈസെന്‍സും ഒരു പഴയ ട്ടൊയോട്ടാ കൊറോളയും സെറ്റപ്പ് ആക്കി തന്നതു. അതുകൊണ്ടെന്നാ, ഇടക്കിടക്കിടക്ക് പാര്‍ക്കില്‍ പൊയിരുന്നു മാനാങ്കാണി കാണും. മാനങ്കാണി കണ്ടു മടുക്കുമ്പൊ ബെഞ്ചില്‍ ചാരി കിടന്നുറങ്ങും. പിന്നെ കുറെ നേരം പാര്‍ക്കിലെ കുളതില്‍ നീന്തി നടക്കുന്ന താറാക്കൂട്ടത്തെ നൊക്കിയിരിക്കും.
അങ്ങനെ ഇരിന്നിരിന്നു; എന്നാണെന്നറിയില്ല, അവറ്റകളെ ഒന്നു സാപ്പിടണമെന്ന പൂതി മനസ്സില്‍ കയറിക്കൂടിയതു. പാര്‍ക്കിലെ കുളത്തില്‍ നീന്തി തുടിച്ചും, കരയില്‍ കയറി കുണ്ടി കുലുക്കി ചിറകട്ടടിച്ചും, പാര്‍ക്കിലെ നടവഴികളിലൂടെ കുണുങ്ങി കുണുങ്ങി നടന്നും മനുഷ്യനെ അതുങ്ങളത്രക്കങ്ങു മോഹിപ്പിച്ചു കളഞ്ഞില്ലിയൊ. നമ്മളാണെ അളിയന്റെ ഹോട്ടെലിലെ ബാക്കി വരുന്ന വാഴക്ക മെഴുക്കുപുരട്ടിയും, ചീര ത്തോരനും കഴിച്ചു മടുത്തിരിക്കുവല്ലിയൊ. എന്നേലും ഒരിക്കല്‍ വീട്ടില്‍ ഇറച്ചി മേടിച്ചാല്‍ തന്നെ; അതിനകത്തു മുഴുവന്‍ ഉരളക്കിഴങ്ങോ, വഴക്കയൊ വെട്ടിയരിഞ്ഞിടും. ആ ചവറിന്റെ ഇടയില്‍ നിന്നും ഒരു കഷണം ഇറച്ചി കിട്ടുന്നതു ലോട്ടറി അടിക്കുന്ന പൊലെയാ.
പണ്ട്, നാട്ടിവച്ചു ചങ്ങനാശ്ശേരി, കണ്ണമ്പേരി ചിറയില്‍ കൊക്കിനെ വെടി വെക്കാന്‍ പോയതും, വെടി വെച്ചിട്ട കൊക്കിനെ മുളകുപുരട്ടി വറുത്തെടുത്തു കള്ളും കൂട്ടി അടിച്ചതും ഫ്ലാഷ്ബാക്കില്‍ മനസ്സിന്റെ സ്ക്രീനില്‍ ഈസ്റ്റ്മാന്‍ കളറില്‍ തെളിഞ്ഞപ്പൊള്‍ പിന്നെ ഒന്നും റോയിക്കു ഇരിപ്പുറച്ചില്ല ……എക്സികുൂട്ട്… റോയിയുടെ ഉള്ളിലിരുന്നാരോ പറയുന്ന പോലെ. റോയിച്ചന്‍ കണക്കുകൂട്ടി; നമ്മുടെ നാട്ടിലെ ഒരു ആവെറേജ് താറാവിന്റെ 2 ഇരട്ടി വരും …ഇതു താറാവല്ല, പാത്തകളാ … ഗൂസ് എന്നു വിളിക്കും. ഒരു രണ്ടെണ്ണത്തിനെ അടിച്ചു കൊന്നു വീട്ടില്‍ കൊണ്ടുപോയാല്‍ ഒരു രണ്ടാഴ്ച കുശാല്‍.
പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും കാറെടുത്തു വഴിയരികില്‍ റോഡ് സൈഡില്‍ തിരിച്ചു നിറുത്തി. പാത്തക്കൂട്ടം … ഒന്നു നീന്തിയേച്ചു റോഡ് മുറിച്ചു കിടന്നു ആള്‍ക്കാര്‍ക്കിരിക്കാനിട്ടിരിക്കുന്ന ബെഞ്ചുകളുടെ ഇടയില്‍ കൊത്തി പെറുക്കാന്‍ പൊകും ….. അപ്പൊള്‍ കാര്‍ അതുങ്ങളുടെ മേത്തോടെ ഓടിച്ചു കയട്ടുക .. ഒരാക്സിടെന്റ് ആണെന്നെ അഥവാ ആരെങ്കിലും കണ്ടാലും തോന്നൂ. … മനസ്സില്‍ ചില ലാസ്റ്റ് മിനിറ്റ് കൂട്ടലും കിഴിക്കലും നടത്തി. തന്റെ ബുദ്ദ്‌ധിയില്‍ റോയിക്ക് മതിപ്പു തോന്നി
യെസ് അതാ പാത്തക്കൂട്ടം കരയില്‍ കയറുന്നു .. രണ്ടു ഫുള്‍ ഫാമിലിയുണ്ട് …. യെസ് … ദേ അവരു റോഡ് മുറിച്ചു കിടക്കുന്നു…. ചുറ്റും നോക്കി … നട്ടുച്ച നേരം ഒരു പട്ടിക്കണ്ടന്‍ പോലും അടുത്തെങ്ങും ഇല്ല … കാര്‍ ഇരപ്പിച്ചു മുന്നോട്ടെടുത്തു …. വായില്‍ ഊറി വന്ന വെള്ളം വലിച്ചകത്തോട്ടിട്ടു … ഒന്നു കൂടെ റേസ് ചെയ്തു … അടുത്ത നിമിഷം … ടി.ജി രവി ലേഡീസ് ഹൊസ്റ്റെലില്‍ കയറിയ പോലത്തെ ഒരു ബഹളമല്ലായിരുന്നൊ … പാത്തക്കൂട്ടം നാലു പാടും ചിതറിയൊടി. കിട്ടിയൊ … അറിയില്ല …. ഒരു സേഫ് ടിസ്റ്റന്‍സ് അപ്പുറത്തു വണ്ടി നിറുത്തി ചാടി ഇറങ്ങി നോക്കി … കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല … ഒരു മൂന്നു നാലെണ്ണം എക്സ്പെക്റ്റ് ചെയ്തതാ … ഒന്നുമില്ല …. കുറെ പപ്പും .. പൂടയും … പിടഞ്ഞോടിയപ്പ്പ്പൊ ഉണ്ടായ പൊടിയും … ഞൊണ്ടി ഞൊണ്ടി നടക്കുന്ന ഒന്നു രണ്ടു പാത്തകളും. … ലജ്ജാവഹം …
ആഹാ … അത്രക്കായോ .. റോയിച്ചനോട കളി. എന്ന ഈ മൈ*!് ഇന്നു പിടിച്ചിട്ടേയൊള്ളൂ. കാര്‍ റിവേഴ്സില്‍ പായിച്ചു നേരത്തെ നിറുത്തിയ പൊസിഷനില്‍ കൊണ്ടുപോയി നിറുത്തി… പാത്തക്കൂട്ടം അപ്രതീക്ഷിതമായ അക്രമണത്തില്‍ നിന്നും മുക്തരായി വരുന്നെ ഉള്ളൂ. … കുറെ നേരം വയ്റ്റ് ചെയ്യണ്ടി വന്നു…. അതാ വരുന്നു വേറൊരു ഫാമിലി. കാര്‍ മുന്നൊട്ടെടുത്തു. ഇപ്പ്രാവശ്യം …. കമ്പ്ലീറ്റ് കോന്‍സണ്ട്രേഷന്‍ പാത്തക്കൂട്ടത്തിലേക്കാക്കി. കാര്‍ അധികം … ഇരപ്പിക്കാതെ പതുക്കെ മുന്നൊട്ടെടുത്തു അടുത്തെത്തിയപ്പൊ ആക്സിലേറ്റ്രില്‍ ഒന്നു ഞൊടിച്ചു കൊടുത്തു. കാര്‍ ഇരമ്പി മുന്നൊട്ടു …. ക്്ടിം … ക്്ടിം .. കാറിന്റെ അടിയില്‍ പുതിയതായി ടാര്‍ ഇട്ട റോഡിലൂടെ ഓടിക്കുമ്പൊ കല്ലു വന്നടിക്കുന്ന പോലെ ഒരു ശബ്ദം……. കാര്‍ ഒന്നിളകിയൊ ?… അല്‍പം മാറ്റി കാര്‍ നിറുത്തി പുറത്തിറങ്ങി നോക്കിയപ്പൊ …. ദാണ്ടെ .. നല്ല മുട്ടനൊരെണ്ണം ..കിടന്നു പിടയ്ക്കുന്നു .. ഓരെണ്ണമെ കിട്ടിയൊള്ളോ .. ഒന്നെങ്കി ഒന്നു .. കാര്‍ പുറകൊട്ടെടുത്തു ശവത്തിന്റെ അടുത്തൂ കൊണ്ടു നിറിത്തി .. ഡിക്കി പൊക്കി കാര്‍ തുറന്നു പുറത്തിറങ്ങി പയ്യെ ചെന്നു .. ഒന്നു കൂടെ ചുറ്റും നോക്കി, സാധനത്തെ ഡിക്കിക്കകത്തോട്ടിട്ടു. എല്ലാം ശുഭം
എന്നാ വിചാരിച്ചതു …
കാര്‍ മുന്നൊട്ടെടുത്തു പാര്‍ക്കില്‍ നിന്നും പുറത്തേക്കുള്ള ഗേറ്റിനെ ലക്ഷ്യമാക്കി പെടപ്പിച്ചു വിട്ടു … ഗേറ്റിനു ഒരു 50 വാര അകലെ എത്തിക്കാണും … ഒരു പോലിസ് കാര്‍ ലൈറ്റൊക്കെ മിന്നിച്ചു സൈറണും അടിച്ചൊണ്ടു കയറി വരുന്നു …. പുറകെ ദാണ്ടെ വേറൊരെണ്ണം കൂടെ. .. രണ്ടവന്മാരും കൂടെ നമ്മുടെ കാറിന്റെ മുന്നില്‍ കൊണ്ടു ചവിട്ടി നിറുത്തി .. അപ്പൊ നമ്മളെയാണൊ .. ദൈവമെ .. കൊഴഞ്ഞൊ ..
“ഗ്റ്റൗട്ടൊഫ് ദ് കാര്‍” മൈക്കിലൂടെ ഒരലര്‍ച്ച അല്ലായിരുന്നൊ ..
കാറില്‍ നിന്നും ഇറങ്ങി .. ചങ്ക് ചങ്കികൂടത്തില്‍ നിന്നും പൊങ്ങി വന്നു അണ്ണാക്കില്‍ മുട്ടിയെച്ചു തിരിച്ചിറങ്ങി പോണു .. ആകപ്പാടെ ഒരു പരവേശം .. എന്റെ പരുമലയച്ചോ കാക്കണെ
“പുട്ട് യുര്‍ ഹാന്‍സ് ഒണ്‍ റ്റോപ് ഓഫ് ദ് ഹുഡ്”
പറഞ്ഞ സ്ഥലത്തു കയ് വച്ചു കൊടുത്തു (ടി.വി യില്‍ കണ്ടിട്ടൊണ്ടു, അതുകൊണ്ടു ഇംഗ്ലീഷ് മനസ്സിലാക്കാന്‍ ബുധിമുട്ടുണ്ടായില്ല)
പിന്നെയെല്ലാം ഒരു ചടങ്ങു മാത്രമായിരുന്നു .. പോലിസ് കാറേല്‍ നിന്നും ഇറങ്ങി വരുന്നു, കയ്യ് പുറകൊട്ടു പിണച്ചുപിടിച്ചു ആമം വക്കുന്നു .. പോലീസ് കാറേല്‍ കയറ്റി ഇരുത്തുന്നു … നമ്മുടെ കാര്‍ സെര്‍ച്ച് ചെയ്തു തൊണ്ടി എടുക്കുന്നു .. ഹോള്‍ഡിംഗ് സെല്ലില്‍ എത്തിക്കുന്നു …. നമ്മളിങ്ങനെ ഒരു കോത്രാക്കൊള്ളി ഒപ്പിച്ചെന്നു ഇവന്മ്മാരെങ്ങനെ അറിഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
“മിസ്റ്റര്‍ നെയ്യ്-നന്‍”
ആരോ കടിച്ചു പിടിച്ചു തന്റെ പേരു വിളിക്കുന്നതു കേട്ടു രൊയിച്ചന്‍ തല പൊക്കി നോക്കി. തന്നെ അറെസ്റ്റ് ചെയ്ത പോലീസ് ആണു
“മിസ്റ്റര്‍ നെയ്യ്-നന്‍ യു ഹാവ് എ കാള്‍”
“ങേ ..” ഒന്നും മനസ്സിലായില്ല
“ഐ സേഡ്, യു ഹവ് എ കാള്‍, ഫോണ്‍,… ഫോണ്‍ …” സായിപ്പു കയ്യ് ചെവിയില്‍ വച്ചു ആങ്ഗ്യം കാണിച്ചോണ്ടു പറഞ്ഞു.
ഫോണ്‍ വന്നെന്നു .. റോയി ചാടി പിടിച്ചെഴുന്നെറ്റു.
സെല്ലില്‍ നിന്നും ഇറങ്ങുമ്പൊ കയ്യാമം പിന്നെയും വയ്ക്കും, കാലു രണ്ടും കൂട്ടി പിടിച്ചു ഒരു ചങ്ങലുയും. അതു കൊണ്ട് മനസ്സാഗ്രഹിച്ച സ്പീഡില്‍ ഫോണിന്റടുത്തെത്താന്‍ പറ്റിയില്ല .. കവച്ചു കവച്ചു .. കൊച്ചു പിള്ളേര്‍ ട്രൗസെറില്‍ അപ്പി ഇട്ടിട്ടു നടക്കുന്ന പോലെ നടന്നു ഫോണിന്റെ അടുത്തു ഒരു വിധത്തിലെത്തി ഫോണ്‍ എടുത്തു.
“അളിയനാ ? ..” അങ്ങേ തലക്കല്‍ മൂത്താ അളിയന്‍ തോമസുകുട്ടിയാ
“ആന്നു ആന്നു, ഇതു ഞാനാ”
“അളിയാ ഞാന്‍ ഇവിടേന്നു അറിയവുന്ന വക്കീലുമാരെയൊക്കെ ട്രൈ ചെയ്യുകേര്‍ന്നു, നിന്നെ അറെസ്റ്റ് ചെയ്ത പൊലീസ്സുകാരനൊടും സംസാരിച്ചു”
“എന്നിട്ടു”
“അളിയാ, അളിയന്‍ ച്ചെയ്തതു മൊത്തം ഒരു മദാമ്മ വീഡിയോയില്‍ പകര്‍തിയിരിക്കുന്നു”
“ങേഹ് .”, ബാക്കി പറയാന്‍ പറ്റിയില്ല ..
ആദ്യത്തേതു മിസ്സായപ്പോഴേ വിട്ടെക്കണമായിരുന്നു, റോയി മനസ്സിലൊര്‍ത്തു. നട്ടുച്ച നേരത്തു ഏതു മദാമ്മച്ചിയാണോ ഈ ചതി ചെയ്യനായിട്ടു മാത്രം ആ മുടിഞ്ഞ പാര്‍ക്കില്‍ വന്നതു.
അങ്ങേത്തലക്കല്‍ തോമസ് കുട്ടി വീണ്ടും.
“ഇതിപ്പൊ 2 മാസവും 5000 ഡോളറുമാ ശിക്ഷ .. ഞാന്‍ കുറച്ചു കാശുണ്ടാക്കന്‍ നോക്കിക്കൊണ്ടിരിക്കുവേണു, നിന്നെ നാളെ കൊടതിയില്‍ ഹാജരാക്കും, അവിടുന്നു നേരെ ജയിലിലെക്കു കൊണ്ടു പോകും”
റോയിക്കു വയറ്റീന്നു ഉരുണ്ടു കയറി വരുന്ന പോലെ ഒരു തൊന്നലു. കൊച്ചു കോശി അവര്‍കളുടെ ഗ്ലാമൊറൊന്നും ഇവിടെ ചിലവാകുകയില്ലല്ലേ …
തോമസ്കുട്ട്യ് ഫോണ്‍ കട്ട് ചെയ്തു .. റോയ് വേച്ചു വേച്ചു തിരിച്ചു സെല്ലിലെക്കു നടന്നു.
3 പ്രതികരണങ്ങള്‍ ഇതുവരെ ↓
sul | സുല്‍ // നവംബര്‍ 20, 2007 at 3:56 am |
റോയിച്ചാ
തകര്‍ത്തെഴുതുവാണല്ലോ. നന്നായിരിക്കുന്നു (ജയിലില്‍ കിടന്നതല്ല) എഴുത്ത്.
എന്നാലും ആ മദാമ ആളു കൊള്ളാമല്ല്.
-സുല്‍
kunjadu // നവംബര്‍ 20, 2007 at 8:54 pm |
പ്രോത്സാഹനത്തിന് നന്ദി.
muukuvan // നവംബര്‍ 22, 2007 at 2:31 pm |
ഒരു സേഫ് ടിസ്റ്റന്‍സ് അപ്പുറത്തു വണ്ടി നിറുത്തി ചാടി ഇറങ്ങി നോക്കി … കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല ..
ആഹാ, എന്താ ഒരു സ്റ്റൈലണ്ണാ.. കിടിലം.