പാതിരാ കുര്‍ബ്ബാനയ്ക്ക് ആദ്യത്തെ മണി അടിച്ചു. ജോസ്, പുതിയതായി തയിപ്പിച്ച ഷര്‍ട്ടും അരവിന്ദ് മില്സ്സിന്റെ പുതിയ ഡബിള്‍ മുണ്ടും, കഴിഞ്ഞ ക്രിസ്ത്മസ്സിനു വാങ്ങി വച്ചിട്ടു ഉപയൊഗിക്കാതിരുന്ന ബാറ്റ ലെതര്‍ ചെരുപ്പും ധരിച്ചു ജോസേട്ടന്‍, വിറകുപുരയുടെ ചായിപ്പിലെക്കു നടന്നു; അളിയന്‍മാരോട് യാത്ര പറയാന്‍. പാവറട്ടിയിലും, തൊയക്കാവിലും, കുന്ദംകുളത്തുൂമുള്ള മൂന്നു പെങ്ങമ്മാരും അവളുമാരുടെ കെട്ടിയവന്മാരെയും ഇക്കൊല്ലത്തെ ക്രിസ്റ്റ്മസ്സിനു ക്ഷണിച്ചതു ഇടവകയില്‍ തനിക്കുള്ള നിലയും വിലയും അവര്‍ക്ക് ഒന്നു കാണിച്ചു കൊടുക്കാന്‍ വേണ്ടി തന്നെയാണു. 30 കൊല്ലം മുന്‍പു പാലക്കാടു മേലാമ്മുറി ചന്തയില്‍ വന്നു വെങ്കിടി അയ്യരുടെ എണ്ണക്കൊട്ടിലില്‍ ജൊലിക്കു ചെര്‍ന്നിട്ടു അവിടുന്നിത്രക്കും ഉണ്ടാക്കി. എന്നാലും നാട്ടിലും വീട്ടിലും “പട്ടരെ പറ്റിച്ചു കാശുണ്ടാക്കിയവന്‍” എന്ന പേരു മാത്രം മിച്ചം. ആ ഇമേജൊന്നു മാറ്റിയെടുക്കണം. താന്‍ മുഖ്യ കൈക്കാരനായിരിക്കുന്ന ഇപ്പോഴല്ലാതെ അതിനു പറ്റിയ അവസരം വേറെ കിട്ടില്ല.
വിറകു പുരയുടെ ചായിപ്പില്‍ മൂന്നളിയന്മാരും നല്ല ഫോമിലാണു. ഉച്ചയൂണു കഴിഞ്ഞയുടനെ തുടങ്ങിയതാ. മൂന്നു കുപ്പി ഹണി ബീയും 2 കിലൊ മിക്സ്ച്ചറും തീര്‍ത്തിരിക്കുന്നു.
“അളിയാ കുര്‍ബ്ബാന കഴിഞ്ഞാലുടനെ പന്നിയിറച്ചി കൂട്ടി ഒരു പിടി പിടിക്കണം ” ഇളയ അളിയന്‍ പിറ്റന്നത്തേയ്ക്ക് അജണ്ട ഇട്ടു.
“അതെ ഈ മിച്ചര്‍ കൂട്ടി അടിച്ചിട്ടു ഒരു ഐം ആയില്ല” രണ്ടാമത്തെ അളിയന്‍ സപ്പോര്‍ട്ട്
മൂന്നു പേരും ജലസേജനത്തിനു ഇറങ്ങി തിരിച്ചപ്പോള്‍ ജോസ് രണ്ടു കണ്ടീഷനെ വച്ചുള്ളൂ ഒന്നു: അധികമാകരുത്; പാതിരാ കുര്‍ബ്ബാനയ്ക്ക് ഇവന്മാര്‍ക്ക് വരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാല്‍ ഈ കാട്ടി കൂട്ടൊക്കെ വെറുതെ ആകും. രണ്ടു: ഇറച്ചി പാടില്ല. ആദ്യത്തെ കണ്ടീഷന്‍ എല്ലാവരും കയ്യടിച്ചു സമ്മതിച്ചപ്പോ രണടാമത്തെ കണ്ടീഷന്‍ അത്രക്കങ്ങു പിടിച്ചില്ലയെന്നു ജോസിനു മനസ്സിലായി.
“എന്തൂട്ടന്ട്രി ഇതു, നിന്‍റെ ആങ്ങള നോമ്പും കുമ്പസാരവുമായി .. അടുത്ത ബിഷപ്പകാനുള്ള പോക്കാ .. ” എന്ന് മൂത്ത അളിയന്‍ പെങ്ങളോടു ചോദിക്കുന്നത് ജോസ് കേട്ടതാ.
ജോസ് യാത്ര പറഞ്ഞിറങ്ങി. കാര്‍പ്പോര്‍ച്ചില്‍ നിന്നും തന്റെ ലാമ്പി സ്കൂട്ടെര്‍ എടുത്തു സ്റ്റാര്‍ട്ട് ആക്കി, പുറത്തോട്ട് ഇറക്കി. കാറും പത്ത്രാസുമൊക്കെ ആയെങ്കിലും തന്റെ സുഖത്തിലും ദുഖത്തിലും എപ്പോഴും കൂടെ ഉണ്ടായിരുന്ന ലാമ്പിയെ ഉപേക്ഷിക്കാന്‍ ജോസ്സിനു മനസ്സ് വന്നിട്ടില്ല.
ജോസിന്‍റെ ലാമ്പി സ്സുട്ടെര്‍ കത്തീഡ്രലിന്റെ പടി കടന്നപ്പോള്‍ സമയം 10:10pm. ഇനി ഒരു മുക്കാല്‍ മണിക്കൂര്‍ കൂടി ഉണ്ടു കുര്‍ബ്ബാന തുടങ്ങാന്‍. ഇലുമിനേഷന്‍ ജോലി തീര്‍ത്തു ഇലക്ട്രിക്ക് മുരുകന്‍ പള്ളിയുടെ മോന്തായത്തില്‍ നിന്നും ഗോണി വഴി താഴേക്ക് ഇറങ്ങുന്നു. പ്രഭാപൂരിതമായ പള്ളി ഒരു നിമിഷം ജോസ് നോക്കി നിന്നു. കഴിഞ്ഞ കൊല്ല്ത്തേക്കാളും ഗുമ്മായിട്ടുണ്ട്. “ഇലുമിനഷന്‍ സ്പോന്‍സേര്‍ഡ് ബൈ വാളക്കുഴി ഓയില്‍ ട്രേഡേഴ്സ് & വാളക്കുഴി ഹാര്‍ഡവേഴ്വ്”. എന്നെഴുതിയ ബാന്നര്‍ എല്ലാര്‍ക്കും കാണത്തക്ക വിധത്തിലല്ലേ എന്നുറപ്പ് വരുത്തി ജോസ് പുല്‍ക്കൂടിന്റെ അടുത്തേക്ക് നടന്നു. പുല്‍ക്കൂട്ടില്‍ ഒരു വെള്ളച്ചാട്ടം സെറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പിള്ളേര്‍. മറച്ചു വച്ചിരിക്കുന്ന ഒരു ഓസിലൂടെ വെള്ളം പാറക്കൂട്ടെത്തിലൂടെ ഒഴുകി നിലത്തു നിര്‍മ്മിച്ചു വച്ചിരിക്കുന്ന അരുവിയില്‍ വന്നു പതിക്കണം. പിള്ളേര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ സംഗതി നടക്കുന്നില്ല. വെള്ളം നാലു പാടും ചീറ്റി തെറിക്കുന്നു.
“മക്കളെ ഡാ … ഒരു കാലിഞ്ചിന്റെ ഓസു കിട്ടീല്ലേടാ … കാലിഞ്ചായിരുന്നേല്‍ വെള്ളം കൃത്യമായി ഒഴുകി വീണേനെ. നേര്‍ത്തേ പറഞ്ഞിരുന്നെങ്ങില്‍ കടേന്നെടുപ്പിച്ചേനേല്ലോ, “
പിള്ളേര്‍ ജോസ്സിനെ മൈന്‍ഡ് ചെയ്ത മട്ടില്ല. തന്റെ സാന്നിദ്ധ്യം ചെക്കന്മാരില്‍ ഈര്ഷ്യം ഉണ്ടാക്കുന്നെണ്ടെന്നു ജോസ്സിനു മനസ്സിലായി. ഊരി പോരുന്നതാ നല്ലത്. ജോസ് തിരിഞ്ഞു നടന്നു. പോരുന്ന വഴിയില്‍ പുല്‍ക്കൂട് കാണാന്‍ വന്ന കന്യാസ്ത്രീ അമ്മമാര് കേക്കത്തക്ക രീതിയില്‍ പറഞ്ഞു “നിങ്ങളെന്തു വേണേല്‍ കാണിച്ചോ ബിഷപ്പിന്റെ കാര്‍ പടികിടന്നാപ്പിന്നെ ഒന്നിനേയും ഇതിന്റെ അടുത്ത് കണ്ടു പോകരുത്”.
ആരോ എന്തോ പറഞ്ഞോ .. പുറകില്‍ നിന്നും ഒരു കൂട്ട ച്ചിരി കേട്ടോ … ആ ..
ജോസ് പള്ളിക്കകത്തേക്ക് കയറി. 2000 കൊല്ലം മുന്‍പ് ജനിച്ച യേശുദേവന്റെ ബെര്‍ത്ത് ഡേ ആഘോഷിക്കാന്‍ പള്ളി അണിഞ്ഞൊരുങ്ങി നില്ക്കുന്നു. കൊയര്‍ സംഘം “തിരുപ്പിറവിയുടെ” ചടങ്ങ് പ്രാക്ടീസ് ചെയ്യുകയാണു. ഈ പരിപാടി ഇന്നാളുവരെ ജോസ്സിനു ഒരു അരോചകമാാാായാണ്‍ തോന്നിയിരുന്നത്. മണി 12 അടിക്കുമ്പോള്‍, യേശുദേവന്റെ ജനനം അനുസ്മരിച്ച്, അള്‍ത്താരയ്ക്ക് വശത്തായി വളച്ചൂ കെട്ടി വച്ചിരിക്കുന്ന ഒരു കാര്‍ഡ്ബോര്‍ഡ് പാറക്കൂട്ടത്തിന്റെ പുറകില്‍ നിന്നും ഉണ്ണീശോയുടെ രൂപം എടുത്തു പൊക്കുന്നത് ആദ്യമായി ആവിഷ്ക്കരിച്ചത് ഏതു ഭാവനാ രഹിതനാണെന്നു വരെ ജോസ്സിനു തോന്നിയിരുന്നു. എന്നാല്‍ ഇന്ന് അതേ പരിപാടി വളരെ ഇമ്പകരമായി ജോസ്സിനു തോന്നി. “ഉണ്ണിപിറന്നു ബെദ്ലഹേമില്‍ ………………. ” മൈക്കില്‍ കൂടെ ഒഴുകി വരുന്ന ഗാനം പാടുന്നത് ലീഡ് സിംഗറും, തന്റെ കടയിലെ സയിത്സ്മാനുമായ ജോഷി ആണു. കാര്‍ഡ്ബോര്‍ഡ് പാറക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും ഉണ്ണീശോയെ പോക്കുന്നത് ജോഷിയുടെ അനുജന്‍ സിജോ.
ജോസ്സിനെ കണ്ടപ്പോള്‍ ജോഷി അടുത്തേയ്ക്ക് വന്നു.
“തിരുപ്പിറവിയുടെ പരിപാടി തുടങ്ങുമ്പോ അള്‍ത്താരയുടെ അടുത്ത് ജോസ്സേട്ടന്‍ എത്തണം സിജോ പാറയുടെ പുറകില്‍ നിന്നും ഉണ്ണിയീശോയെ പൊക്കി ജോസ്സേട്ടനു തരും, ജോസേട്ടന്‍ രണ്ടു കയ്യും നീട്ടി മേടിക്കണം, എന്നിട്ട് ബിഷപ്പിന്റെ കയ്യില്‍ കൊടുക്കണം “
ജോഷി കുറച്ചുകൂടെ ചേര്ന്നു നിന്നു ജോസ്സിന്റെ ചെവിയില്‍ പറഞ്ഞു.
“ജോസ്സേട്ടാ, ജോസ്സേട്ടന്‍ ഉണ്ണിയെ വാങ്ങുമ്പോഴും ബിഷപ്പിന്റെ കയ്യില്‍ കൊടുക്കുമ്പോഴും ഒരു രണ്ടു സിമ്പള്‍ എക്സ്ട്രാ അടിക്കും, ഒരു ഇഫെക്ടിനു”
കൊള്ളാം ചെക്കനു നന്ദിയുണ്ട്. ജോഷിയുടെ ആത്മാര്‍ഥഥയില്‍ ജോസ്സ് ഇമ്പ്രെസ്ഡ് ആയി. ജോഷിയുടെ മേല്‍നോട്ടത്തില്‍ ഉണ്ണിയേശുവിനെ കൊടുക്കുന്നതും വാങ്ങുന്നതും രണ്ടു തവണ പ്രാക്ടീസ് ചെയ്തു. ജോഷി പറഞ്ഞ സിമ്പള്‍ അടിയുടെ ഇഫെക്ടില്‍ രണ്ടു പ്രാവശ്യവും ജോസ്സിനു രോമാഞ്ചമുണ്ടായി.
ബിഷപ്പ് വന്നു .. ആരോ പറഞ്ഞു ..
ജോസ് ചാടി ഇറങ്ങി പള്ളി മേടയുടെ മുന്‍പില്‍ റെഡി ആയി നിന്നു. ബിഷപ്പിന്റെ വെളുത്ത അംബാസിഡര്‍ കാര്‍ ഗേറ്റ് കടന്നു പള്ളി മേടയുടെ മുന്‍പില്‍ വന്നു നിന്നു. ഡോര്‍ തുറക്കാന്‍ നീണ്ട പല കയ്കള്‍ വകഞ്ഞ് മാറ്റി ജോസ് ബിഷപ്പിന്റെ സൈഡിലെ ഡോര്‍ തുറന്നു. അടുത്ത് നിക്കുന്ന മുന്‍ കൈക്കാരനും തന്റെ ആജന്മ ശത്രുവുമായ അരിപ്പീടിക ലോനപ്പനെ തുറിച്ചു നോക്കി വിരട്ടാനും മറന്നില്ല. ബിഷപ്പ് ചിരിച്ചോണ്ട് കാറില്‍ നിന്നും ഇറങ്ങി.
“എന്തൂട്ടാ ജോസേ വിശേഷം …”
“സുഖം തന്നെ തിരുമേനി ..” ജോസുത്തരം പറഞ്ഞു.
ജോസ് മുന്പോട്ടഞ്ഞു തിരുമേനിയുടെ കയ്യെടുത്ത് മോതിരം മുത്തി. മോതിരം മുത്താന്‍ മുന്‍പോട്ടാഞ്ഞ ലോനപ്പനെ പുറം കയ്യ് കൊണ്ടു തടഞ്ഞു ബിഷപ്പിനെ കാറില്‍ നിന്നും പുറത്തേക്ക് ആനയിച്ചു.
ബിഷോപ്പിനോട് ചേര്ന്നു നടന്നു പോകുമ്പോ മാവിന്റെ ചുവട്ടില്‍ നിക്കണ ഇളയ അളിയന്‍ ആശ്ചര്യം കലര്‍ന്ന മിഴികളോടെ നോക്കുന്നത് ജോസ് ഇടങ്കണ്ണു കൊണ്ടു കണ്ടു.
കുര്‍ബ്ബാന തുടങ്ങി .. ജോസ് മുന്‍്വരിയില്‍് തന്നെ സ്ഥാനം പിടിച്ചു. അടുത്ത് തന്നെ സുവിശേഷം വായന, അത് കഴിഞ്ഞു പ്രസംഗം … അതും കഴിഞ്ഞാണ് പിറവിയുടെ ചടങ്ങ്.
സുവിശേഷം വായന കഴിഞ്ഞു ബിഷപ്പ് പ്രസംഗത്തിനുള്ള വട്ടചട്ടം ഒരുക്കുന്നു . ജോസ് വാച്ചിലേക്ക് നോക്കി. സമയം 11:20 pm. ക്രിസ്ത്മസ്സ് അല്ലേ, പ്രസംഗം എങ്ങനെ പോയാലും ഒരു അര മണിക്കൂര്‍ കാണും. ഉറക്കം വരുന്നവര്‍ക്ക് അല്പം മയങ്ങാനും. പള്ളിയിലെ ചെറു ബാല്യക്കാരായ യൂത്തന്മ്മാര്‍ക്ക് അടുത്തുള്ള കുരിശു പള്ളികളായ ചായ ക്കട, തട്ടു കട മുതലായവ സന്ദര്‍ശിച്ചു ഒരു ചായ, ഒമ്ലെട്ട്, മുട്ട ബജി, മുളകു ബജി ഒക്കെ കഴിക്കാനുള്ള സമയം.
ജോസ് പന്നി വെട്ടുന്നടുത്തോന്നു പോയി നോക്കാന്‍ തീരുമാനിച്ചു. ഇക്കൊല്ലം 4 മുട്ടന്‍ പോര്‍ക്കും ഒരു മൂരിയെയുമാണ് അങ്കമാലിയില്‍് നിന്നും ഇറക്കിയിരിക്കുന്നത്. 25 ദിവസത്തെ നോമ്പ് കഴിഞ്ഞു ആക്രാന്തം മൂത്തിരിക്കുന്ന ഇടവകക്കാര്‍ കുര്‍ബ്ബാന കഴിഞ്ഞു പോര്‍ക്ക് വാങ്ങാനായി ഇരച്ചു കയറുമെന്നും അതിനിടയില്‍ തനിക്കെന്തെങ്കിലും തടയുമെന്നും നല്ല ഉറപ്പുള്ളത് കൊണ്ടാണ് അല്പം റിസ്ക് എടുത്തായാലും അങ്കമാലീന്ന് പോര്‍ക്കും, അതു വെട്ടാനുള്ള് അറവു കാരെയും കൊണ്ടു വന്നത്. പന്നിയും മൂരിയും 3:1 അനുപാതത്തില്‍ മിക്സ് ചെയ്യാന്‍ ഏല്‍പിച്ച് ഉച്ചക്ക് പോന്നതാ. പിന്നെ അവിടെ ഒന്നു പോയി നോക്കാന്‍ പറ്റിയില്ല. ചെക്കന്മാരെ ഒന്നു പോയി ചെക്ക് ചെയ്തു കളയാം.
പ്രസംഗം കേള്‍ക്കാനായി എല്ലാവരും നിലത്തിരുന്നു. ജോസ് വാച്ചിലെക്കും, പിന്നെ ചുറ്റും ഒന്നു കൂടെയും നോക്കി തലകുലുക്കി തിരക്കഭിനയിച്ചു പള്ളിക്ക് പുറത്ത് കടന്നു. സ്സുട്ടെര്‍ എടുക്കാനായി ചെന്നപ്പോള്‍ രണ്ടാമത്തെ അളിയന്‍ തന്‍റെ സ്കൂട്ടെറില്‍് ചാരി ഇരുന്നോന്ടു ആരോടോ വര്‍ത്തമാനം പറയുന്നു.
“ദേ അളിയന്‍ വന്നു ” രണ്ടാമത്തെ അളിയന്‍ അപരിചിതനോട് പരിചയപ്പെടുത്തി.
അപരിചിതന്‍ സ്കൂട്ടെറില്‍് നിന്നും കയ്യെടുത്ത് ബഹുമാന പുരസരം ഒതുങ്ങി നിന്നു.
“അളിയാ, ഇതു തോയക്കാവുള്ള ദേവസ്സിയെട്ടന്റെ മോന്‍, ഇവിടുത്തെ ലൂയിസേട്ടന്റെ മോള്‍ ഡൈസിയുടെ കെട്ടിയവന്‍ ഡേവിസ് .. മൂപ്പര് കഞ്ഞിക്കൊട്ട് ITC യില്‍ drafstman ആണ്. മൂപ്പരുടെ കുട്ടിക്ക് പള്ളി സ്കൂളില്‍ ഒരു അഡ്മിഷന്‍ വേണമത്രേ ….”
“ഈ തിരക്കൊന്നു കഴിഞ്ഞോട്ടെ … നമുക്കു നോക്കാം ” .. ജോസ് സ്സുട്ടെര്‍ സ്റ്റാന്റില്‍ നിന്നും എടുക്കുന്നതിന്റെ ഇടയില്‍ പറഞ്ഞു.
“അത് മതി “ ഡേവിസ്സിനു ആക്രാന്തം ഒട്ടുമില്ല
“അളിയന്‍ വിചാരിച്ച നടക്കാത്ത കാര്യമുണ്ടോ ” രണ്ടാമത്തെ അളിയന്‍ ഡേവിസ്സിനു ഉറപ്പു കൊടുത്തു
തന്‍റെ കാട്ടിക്കുട്ടൊക്കെ ഫലിക്കുന്നുന്ടെന്ന സന്തോഷത്തില്‍ ജോസ് സ്സുട്ടെര്‍ ഗേറ്റ് വരെ ഉന്തി കൊണ്ടുപോയത്തിനു ശേഷം സ്റ്റാര്‍ട്ട് ആക്കി, എണ്ണക്കൊട്ടിലിനെ ലക്ഷ്യമാക്കി വിട്ടു.
പള്ളിക്ക് ഇരു വശത്തുമുള്ള തട്ടുകടയില്‍ നല്ല തിരക്കായി തുടങ്ങി.
എണ്ണക്കൊട്ടിലിന്റെ പുറകില്‍ താത്കാലികമായി മറച്ചുണ്ടാക്കിയ അറവു പുരയിലാണ് പണി നടക്കുന്നത്. ജോസ് അവിടെ എത്തിയപ്പോ തന്റെ വലംകയ്യും കടയിലെ സായിത്സ്മാനുമായ ജൈസ്സന്റെ മേല്‍നോട്ടത്തില്‍ പൊതിക്കെട്ടു പുരോഗമിക്കുകയാണ്.
“ജൈസ്സാ… എല്ലാം ഓക്കേ അല്ലെ, കുര്‍ബ്ബാന കഴിയ്മ്പോഴേക്കും തീരില്ലേ “
“തന്നെ ജോസ്സേട്ടാ, തീരും ” ജൈസ്ന്‍ ഉറപ്പു കൊടുത്തു.
ജോസ്സല്പ സമയം കൂടെ അവിടെ തന്നെ നിന്നു. കരക്കാരു പറയുന്ന പോലെ വാള്‍ക്കുഴി ജോസ്, കര്‍ത്താവിനെ തറച്ച മൂന്നാണി കിട്ടിയാല്‍ അതും വിറ്റു കാശാക്കുമെന്നാ. ശരിയാ, കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുക. ഓണത്തിന്റെ ഇടക്കു പുട്ടു കച്ചവടം ആകാമെങ്കില്‍, ക്രിസ്ത്മസ്സിന്റെ അന്നു പോര്‍ക്ക് വില്‍ക്കാം. പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്ന പൊതിക്കെട്ടുകളിലേക്കു നോക്കി തന്‍റെ ലാഭം കണക്കുകുട്ടി ജോസ് മനസ്സില്‍ ചിരിച്ചു. ജൈസണ്‍ ചായ ഒഴിച്ചു കൊണ്ടു വന്നു. ജോസ് ചായ കുടിച്ചു ഗ്ലാസ് തിരിച്ചു കൊടുത്തു കൊണ്ടു ജൈസനോട് യാത്ര പറഞ്ഞു.
“എന്ന ഞാന്‍ ഇറങ്ങട്ടെ ജൈസാ … കുര്‍ബാന കഴിഞ്ഞു കാണാം ” ജോസ് പള്ളിയിലേക്ക് തിരിച്ചു.
ബിഷപ്പിന്റെ ഘോര ഘോര പ്രസംഗം പള്ളിയുടെ വളവ് തിരിമ്പോള്‍ ജോസ് കേട്ടു. അപ്പൊ ഇനിയും സമയം ഉണ്ട്. ജോസ് മനസ്സില്‍ വിചാരിച്ചു. പള്ളിയുടെ ഗേറ്റ് ആയപ്പോഴേ സ്സുട്ടെര്‍ ഓഫ് ചെയ്തു ജോസ് സ്സുട്ടെര്‍ തള്ളി കൊണ്ടു പോയി ബദാമിന്റെ ചുവട്ടില്‍ വച്ചു സ്റ്റാന്റ് ഇട്ടു. ബദാമിന്റെ ചുവട്ടില്‍, മൂത്ത അളിയനും പിന്നെ വേറെയും കുറെ ആള്‍ക്കാര്‍ നില്‍പ്പുണ്ട്. ലോനപ്പനും ഉണ്ട്. അളിയന്റെ അടുത്ത് മുളകുപൊടി ലാസറെട്ടന്റെ ഇളയ മകനും വിശുദ്ധന് എന്നപരനാമത്തില്‍ അറിയപ്പെടുന്നവുനുമായ ജോയിയും. 10 – ആം ക്ലാസ്സിന്റെ പരീക്ഷക്കിരിക്കാന്‍ പോകുന്ന ജോയി സെമിനാരിയില്‍ ചേരുമെന്നും അങ്ങനെ ഇടവകയില്‍ നിന്നും ആദ്യമായി ഒരു അച്ചന്‍ ഉണ്ടാകുമെന്നുമാണ് പൊതുവെ ഉള്ള ജനസംസാരം. സാധാരണ കുര്‍ബാന സമയം മുഴുവന്‍ കൈ കൂപ്പി, കണ്ണ് കൂമ്പി അടച്ചു, ഉടലോടെ എങ്കില്‍ അങ്ങനെ, അല്ലേലും കുഴപ്പമില്ല എന്ന മട്ടില്‍ സ്വര്‍ഗ്ഗത്ത്തിലേക്ക് പോകാനുള്ള പോസില്‍ നിക്കുന്ന ജോയി ബദാമിന്ടെ ചുവട്ടില്‍ നിക്കുന്ന കണ്ടപ്പോ ജോസ്സിനു ഒരു വശപ്പിശക് തോന്നാതിരുന്നില്ല. പക്ഷെ അളിയന്റെ മുന്‍പില്‍ ഒന്നു ഷൈന്‍ ചെയ്യാന്‍ ഇതിലും നല്ല അവസരം ചിലപ്പോള്‍ ഒത്തു കിട്ടില്ലെന്നുള്ള ചിന്തയില്‍, സ്വരത്തിന് ആകാവുന്നത്ര ഗാംഭീര്യവും, ആധികാരീകവും വരുത്തി ജോസ് ജോയി യോട് ചോദിച്ചു.
“ഡാ … പിറവി കഴിഞ്ഞോട്രാ …..”
“കഴിഞ്ഞു ജോസ്സേട്ടാ … സിസേറിയന്‍ ആയിരുന്നു … നേറ്ത്തേ അറിയിക്കാന്‍ പറ്റിയില്ല .. ” ജോയിയുടെ മറുപടി പെട്ടെന്ന് വന്നു.
ജോസ്സ് സ്തബ്ദ്ധനായി നിന്നു പോയി. ജോയിയുടെ മുഞ്ഞാം കുറ്റി നോക്കി പൊട്ടിക്കാനായി ഉയര്‍ത്തിയ കൈ ജോസ്സ് വളരെ പണിപ്പെട്ടു താഴ്ത്തി. ചെക്കന്‍ എവിടുന്നൊക്കെയോ എന്തൊക്കെയോ വലിച്ചു കയറ്റി വന്നിരിക്കുകയാണ്‍. വേണ്ടാ … ചീഞ്ഞു .. ഇനി ഇവിടെ നിന്നാല്‍ നാറും .. പോയേക്കാം. പള്ളിയിലേക്കു തിരിച്ചു നടന്ന ജോസ് പുറകിലെ കൂട്ടച്ചിരികള്‍ കേട്ടില്ലെന്നു നടിച്ചു.